പ്രപഞ്ച സീമകളെ പൊന്നിൽ കുളിപ്പിച്ച്, കത്തിയമർന്ന തീഗോളം കണക്കെ,അസ്തമയസൂര്യൻ കടലലകളുടെ ചെഞ്ചുവപ്പിലേക്കു മറയുകയായി
പലകോടി മാനവജീവിതയാത്രകളും,വിടപറയുന്നൊരീവെളിച്ചത്തിനൊപ്പം അവസാന കനൽ ചിന്തി വിസ്മൃതിയിലേക്കു കെട്ടടങ്ങുന്നു
പകലിന്റെ ചക്രവാളങ്ങളിലേക്കു ജീവിതാർത്ഥം തേടി പറന്നുപോയ പറവകൾ മിക്കതും പറന്നു തളർന്നു തിരികേ കൂടിന്റെ സുരക്ഷയിലേക്കു ചേക്കേറികഴിഞ്ഞിരിക്കുന്നു
നീലരജനിതൻ അതിരുകളിൽ വീണുടഞ്ഞുയരുന്ന ജീവിതസമരകാഹളമായി ഒരു രാപ്പാടിതൻ അവ്യക്തശോകമധുര ഗാനമെവിടയോ മുറിഞ്ഞില്ലാതാകുന്നു
കയ്യെത്തിപിടിച്ച വിജയത്തിന്റെ മധുരനിമിഷങ്ങളെ ഓർമയുടെ പുഞ്ചിരികളാൽ താലോലിച്ചും, കൈപാടുദൂരേവെച്ചു വഴുതിയവയെ നഷ്ടബോധത്തിന്റെ നെടുവീർപ്പുകളാൽ സ്വാന്തനിപ്പിച്ചും, ഒരു പകൽ കൂടി എരിഞ്ഞടങ്ങുന്നു
ജീവിതമെന്ന മഹായാത്രയുടെ അനന്തവീഥിയിലെ ചെറിയൊരിടവേളയവസാനിപ്പിച്ച് കാലം മുമ്പോട്ടു മറ്റൊന്നിലേക്കു തിരിയുന്നു
കഴിഞ്ഞതെല്ലാം ഒരുപിടി ഓർമ്മകളിലൊതുക്കി നിയതിയുടെ പാവക്കൂത്തരങ്ങിൽ മറ്റൊരങ്കം തുടങ്ങുകയായി
ഇന്നിന്റെ തീരാത്ത ജീവിതതൃഷ്ണയുടെ ചിവീടൊച്ചകളും നാളയുടെ അനിശ്ചിതത്വമൗനവും യാമിനിയിൽ അലിഞ്ഞില്ലാതാകുന്നു
നഗരവീഥികളുടെ നിയോൺ കണ്ണുകൾ നിശാസുന്ദരിയുടെ ലാസ്യനടനലഹരിയിലേക്കു ചിമ്മിതുറക്കുകയായി
ഒരു പുതിയ പുലരി, പ്രത്യാശയുടെ,അതിജീവനത്തിന്റെ മാറ്റൊലിയുമായ് നാളെ കിഴക്കു വിടരുമെന്ന് നമുക്കാശ്വസിക്കാം
ഇനി സുഷുപ്തിയുടെ കാണാക്കയങ്ങളിലെ സ്വപ്നനിധികൾ തേടി നമുക്കുളയിടാം, എല്ലാം മറന്നൊന്നുറങ്ങാം ...
No comments:
Post a Comment