കണ്ണെത്താദൂരത്തൊരിടത്തുവെച്ചീവഴി എങ്ങോ പിരിഞ്ഞു മറഞ്ഞു പോകും
അവിടെപ്പിരിഞ്ഞു നാമിനി രണ്ടുവഴിക്കായി നടന്നകലും
ഈ വഴിയമ്പലത്തിലെ ആല്‍മരച്ചോടുകള്‍ സ്നേഹം പകുത്തന്നും വിടര്‍ന്നു നില്‍ക്കും,
കട്ടിക്കരിങ്കല്‍ത്താങ്ങികള്‍ക്കിടയിലെ തൊലിതേഞ്ഞ വേരുകള്‍ നമുക്കായെന്നും കാത്തിരിക്കും

എവിടയൊ പോകേണ്ട നാമിരുപേര്‍ , വീണ്ടും കണ്ടാലറിയാത്ത ചിരപരിചിതര്‍
ഈ വഴിയൊഴുകുന്ന ജീവിതയാത്രയിലെ ഒട്ടും പകിട്ടില്ലാ പൊയ്മുഖങ്ങള്‍
ഇവിടെ വന്നെത്തിയീ ആല്‍മരച്ചോട്ടില്‍ , നിയതിതന്‍ പാവക്കൂത്തിലൊരുരംഗമായി
പൊള്ളുന്ന ഓര്‍മ്മകള്‍ , ജീവിതതൃഷ്ണകള്‍ ചെഞ്ചായം പടര്‍ത്തുമൊരിരുൾസന്ധ്യയില്‍

ഇവിടയീ മരത്തണലിലെ മൺമെത്തയില്‍ പകലിൻ്റെയാടകൾ അഴിഞ്ഞുവീഴ്കേ
ജീവിതസമരത്തിന്‍ നിതാന്തവേഗത്തിലൊരു ചെറു കിതപ്പിടവേളയൊന്നു തീര്‍ക്കേ
നമ്മുടെ വഴികള്‍തന്‍ പൊടിയും, പ്രകാശവും, അതിരും, തിരക്കും നാമറിഞ്ഞു തീര്‍ത്തു
പിരിയുമന്നറിഞ്ഞീട്ടും, എന്തിനൊ നാമിരിവരും ആത്മദാഹങ്ങളെ പങ്കുവെച്ചു

കണ്ണെത്താദൂരത്തുവെച്ചെല്ലാവഴിയും ഇനിയും പിരിഞ്ഞു മറഞ്ഞു പോകും
അവിടെപ്പിരിഞ്ഞു നടന്നൊരുപക്ഷെ നാം രണ്ടുവഴിക്കു തിരിഞ്ഞുപോകും
എന്നാലുമെന്നുമീ ആല്‍മരച്ചോടുകള്‍ സ്നേഹം കൊതിച്ചിവിടെ നിറഞ്ഞു നില്‍ക്കും,
കട്ടിക്കരിങ്കല്‍ത്താങ്ങികള്‍ വീണുപോയാലുമീ തൊലിതേഞ്ഞ വേരുകള്‍ കാത്തിരിക്കും